ഇന്നലെ കൊടുവള്ളിയിൽ നിന്ന് പിടിയിലായ കള്ളനോട്ടടിക്കാരുടെ നിർമാണ കേന്ദ്രം ബെംഗളുരുവിൽ


ഇന്നലെ കൊടുവള്ളിയിൽ നിന്ന് പിടിയിലായ കള്ളനോട്ടടിക്കാരുടെ നിർമാണ കേന്ദ്രം ബെംഗളുരുവിൽ



കോഴിക്കോട്: ബെംഗളൂരുവിലെ ഹൊസൂരില്‍ കള്ളനോട്ടു നിര്‍മാണകേന്ദ്രം നടത്തിവന്ന മൂന്നു മലയാളികള്‍ അറസ്റ്റില്‍. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് (46), കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ സ്വദേശി മുക്കൂട്ടില്‍ ഷിഹാബ് (34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (22) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്.  
പിടിയിലായ ഗോൾഡ് ജോസഫ്, വിപിൻ, ശിഹാബ്
ഇവര്‍ നിര്‍മിച്ച ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കേരളത്തിലും ബെംഗളൂരുവിലുമായി വിതരണം ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍ പറഞ്ഞു. 19.40 ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപയ്ക്കുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ 500 രൂപയുടെ നാലുവീതം നോട്ടുകള്‍ അച്ചടിച്ച 700 പേപ്പറുകളും പിടികൂടി. ഇതിന്റെ ഒരുപുറം മാത്രമേ അച്ചടിച്ചിട്ടുള്ളൂ. നാല് പ്രിന്ററുകള്‍, രണ്ട് ലാപ്‌ടോപ്പ്, ഒരു സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിനുള്ള ഉപകരണം, നോട്ട് അച്ചടിക്കാനുള്ള 14 കിലോ കടലാസ് എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. ഹൊസൂരിനു സമീപം ചന്തപുരയിലെ രാംസാഗരയില്‍ വീട് വാടകയ്‌ക്കെടുത്താണ് കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്നത്. കൊടുവള്ളിക്കടുത്ത് എളേറ്റില്‍ വട്ടോളി പെട്രോള്‍ പമ്പില്‍ 500 രൂപയുടെ കള്ളനോട്ട് നല്‍കിയ കേസില്‍ പൂനൂര്‍ പെരിങ്ങളംവയല്‍ സ്വദേശി പറയരുകണ്ടി സാബു(46)വിനെ അറസ്റ്റു ചെയ്തിരുന്നു. പമ്പ് ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍നിന്ന് നൂറിലധികം കള്ളനോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഷിഹാബാണ് കള്ളനോട്ട് നല്‍കിയതെന്നും ബെംഗളൂരുവിലെ ഹൊസൂരില്‍നിന്നാണ് ഷിഹാബ് ഇത് സംഘടിപ്പിക്കുന്നതെന്നും സാബു മെഴിനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പോലീസ് ഹൊസൂരിലെത്തിയത്. ഗോള്‍ഡ് ജോസഫാണ് സംഘത്തിലെ പ്രധാനി. ഇയാളുടെ സഹോദരിയുടെ മകനാണ് വിപിന്‍. നാലുമാസമായി ഇവര്‍ ബെംഗളൂരുവില്‍ കള്ളനോട്ട് നിര്‍മിക്കുന്നതായി പോലീസ് പറഞ്ഞു. ജോസഫിനെയും ഷിഹാബിനെയും 2015-ല്‍ കോഴിക്കോട് കസബ പോലീസ് കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാലുമാസം ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയതാണ്.

പിടിയിലായ പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് ,കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ സ്വദേശി മുക്കൂട്ടില്‍ ഷിഹാബ്, പുത്തന്‍വീട്ടില്‍ വിപിന്‍